തിരുവനന്തപുരം: ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല വിമർശനവുമായി രംഗത്തെത്തി. ഇരിക്കുന്ന കൊമ്പ് എത്ര ശക്തമായാലും സ്വയം മുറിച്ചാൽ അത് നിലനിൽക്കില്ലെന്നും “ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്” എന്ന ഉപമയിലൂടെയാണ് അവർ പ്രതികരിച്ചത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, ഒരു പ്രവാഹം ചെറിയതായിരിക്കുമ്പോൾ അത് ഉപകാരപ്രദമാണെങ്കിലും അതിന്റെ ശക്തി കൂടുമ്പോൾ നാശം വിതയ്ക്കാമെന്നും ശശികല പറഞ്ഞു. “ഇരിക്കുന്ന കൊമ്പ് സ്വയം മുറിച്ചാൽ അത് നിലനിൽക്കില്ല” എന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. അവസാനം “ഒരു വീട്ടമ്മയുടെ ഉപദേശം” എന്ന രീതിയിലാണ് അവർ അഭിപ്രായം രേഖപ്പെടുത്തിയത്.
ഇതിനിടെ, നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. “ഈ പരദേവനഹോ” എന്ന ഗാനമാണ് ആലപിച്ചത്. വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം നടന്ന പരിപാടിക്കുശേഷം, സംഘത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.




