ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ശക്തമായി വർധിക്കുന്നതായി മുന്നറിയിപ്പ്. ഉയർന്ന ചൂട് പരിസ്ഥിതി പ്രശ്നം മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളും വർധിപ്പിക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഡെങ്കിപ്പനി മുതൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരെ ചൂട് മൂലം ഉണ്ടാകുന്നുവെന്നും ഇത് ഗൗരവമായ പൊതുജനാരോഗ്യ പ്രശ്നമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് കൂടുന്നതോടെ പകർച്ചവ്യാധികളും പകർച്ചേതര രോഗങ്ങളും വർധിക്കുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇപ്പോൾ ഉഷ്ണസംബന്ധമായ രോഗങ്ങളെയും ജീവിതശൈലീ രോഗങ്ങളെയും ഒരുപോലെ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാച്ചുറൽ റിസോഴ്സസ് ഡിഫൻസ് കൗൺസിൽ സംഘടിപ്പിച്ച ഗ്ലോബൽ ഹീറ്റ് & കൂളിങ് ഫോറത്തിൽ സംസാരിക്കവേയാണ് മന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.




