കോഴിക്കോട്: ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനങ്ങൾ വ്യാജമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രങ്ങളിലൂടെയും കോളേജിന്റെ നോട്ടിസ് ബോർഡിലൂടെയും മാത്രമേ അറിയിക്കാറുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ ഔദ്യോഗികമല്ലെന്നും അറിയിച്ചു.
ഇത്തരം വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക നഷ്ടങ്ങൾക്കും ഇടയാക്കാമെന്ന് മുന്നറിയിപ്പുണ്ട്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരും വ്യക്തിഗത വിവരങ്ങളോ പണമോ നൽകരുതെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംശയാസ്പദമായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തെ പൊലീസ് സ്റ്റേഷനിലോ കോളേജ് അധികൃതരെയോ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.




