ന്യൂഡൽഹി: കുംഭമേളയിൽ വൈറലായ യുവതിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ് ദേശീയ പട്ടികവർഗ കമ്മീഷനെ അറിയിക്കും. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന സൂചനകളാണ് നിലവിലെ അന്വേഷണത്തിൽ ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, പെൺകുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചു.
ഇന്നത്തെ ഹിയറിംഗിൽ മധ്യപ്രദേശ് പൊലീസിന്റെയും കേരള പൊലീസിന്റെയും പ്രതിനിധികൾ കമ്മീഷന് മുന്നിൽ ഹാജരാകും. പെൺകുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുന്നതും പരിശോധിക്കുന്നതും തുടരുകയാണ്. മൊഴി ലഭിച്ചതിന് ശേഷമേ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്നും പൊലീസ് അറിയിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര പട്ടികവർഗ കമ്മീഷന് മുന്നിൽ മധ്യപ്രദേശ് ഡിജിപിയും കേരള പൊലീസും റിപ്പോർട്ട് സമർപ്പിക്കും. കേരളത്തിലെ ഡിജിപി നേരിട്ട് ഹാജരാകില്ല. പകരം തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് കമ്മീഷനിൽ ഹാജരാകും. തൃശ്ശൂരിലെ ദുരന്ത സാഹചര്യത്തെ തുടർന്ന് ഡിജിപിക്ക് ഹാജരാകാനാകില്ലെന്ന് സംസ്ഥാന പൊലീസ് അറിയിച്ചു.
അതേസമയം, വിവാഹം നിയമപരമാണെന്ന നിലപാടിലാണ് കേരള പൊലീസ്. വരനും വധുവും സമർപ്പിച്ച രേഖകൾ പ്രകാരം ഇരുവർക്കും 18 വയസ്സ് തികഞ്ഞുവെന്നാണ് സംസ്ഥാന പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ പെൺകുട്ടി 18 വയസ്സിൽ താഴെയാണെന്നാണ് മധ്യപ്രദേശ് പൊലീസ് ആവർത്തിക്കുന്നത്. കേരളത്തിലെത്തിയ അന്വേഷണ സംഘത്തിന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്നും, അന്വേഷണം തുടരുകയാണെന്നും മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി.




