തിരുവനന്തപുരം: മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് അസോസിയേഷന്‍. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനെ കാര്യമായി കണേണ്ടതില്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു പറഞ്ഞു. മനുഷ്യരില്‍ പല തരം പരിണാമങ്ങള്‍ സ്വാഭാവികമാണ്. ഇത്തരത്തില്‍ പരിണമിച്ചവര്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന പരിഗണന അര്‍ഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടതെന്നും സി.ആര്‍.ബിജു പറഞ്ഞു.
രാഷ്ട്രീയ സംഘര്‍ഷത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കവേ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. പോടാ പുല്ലേ പൊലീസേ… പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കും എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍.
ഒരാള്‍ പൊലീസ് ജോലിയില്‍നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ അയാള്‍ ഒരു സ്വതന്ത്ര പൗരന്‍ തന്നെയാണ്. അത് ഒരു സാധാരണ സിവില്‍ പൊലീസ് ഓഫിസര്‍ ആയിരുന്ന ആളായാലും ഡിജിപി ആയിരുന്ന ആളായാലും. വിരമിച്ച നാല്‍പ്പതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. അവരില്‍ പലരും പല ജോലികള്‍ ചെയ്ത് ജീവിക്കുന്നുണ്ട്. അതിലൊരാള്‍ മാത്രമാണ് ശ്രിലേഖയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു.


