അടുക്കളയിൽ പാചകത്തിന് നിറവും രുചിയും നൽകാൻ മാത്രമല്ല, ഔഷധഗുണങ്ങൾക്കായും നാം നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾപ്പൊടി. എന്നാൽ വിപണിയിൽ ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ പലപ്പോഴും ലാഭത്തിനായി മാരകമായ മായങ്ങൾ ചേർക്കാറുണ്ട്. മഞ്ഞൾപ്പൊടിക്ക് തൂക്കം വർധിപ്പിക്കാനും കട്ടി തോന്നിക്കാനുമായി പ്രധാനമായും മഞ്ഞ കളിമണ്ണാണ് ഇതിൽ കലർത്താറുള്ളത്. ഇത്തരം മായങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ നാം വാങ്ങുന്ന മഞ്ഞൾപ്പൊടിയുടെ പരിശുദ്ധി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വളരെ ലളിതമായ ഒരു പരിശോധനാ രീതി നിർദേശിക്കുന്നുണ്ട്.
ഒരു ഗ്ലാസ് ശുദ്ധമായ വെള്ളവും ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ നമുക്ക് ഈ പരിശോധന വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഒരു തെളിഞ്ഞ ഗ്ലാസിൽ വെള്ളമെടുത്ത ശേഷം അതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം കുറച്ചുനേരം അനക്കാതെ വയ്ക്കുമ്പോൾ ഗ്ലാസിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഉപയോഗിക്കുന്നത് ശുദ്ധമായ മഞ്ഞൾപ്പൊടിയാണെങ്കിൽ അത് വെള്ളത്തിൽ തുല്യമായി അലിഞ്ഞുചേരുകയും വെള്ളത്തിന് തെളിഞ്ഞ ഇളം മഞ്ഞനിറം ലഭിക്കുകയും ചെയ്യും. എന്നാൽ മഞ്ഞൾപ്പൊടിയിൽ കളിമണ്ണ് ചേർത്തിട്ടുണ്ടെങ്കിൽ, അത് വെള്ളത്തിൽ ലയിക്കാത്തതിനാൽ ഗ്ലാസിന്റെ അടിയിൽ അവശിഷ്ടമായി അടിഞ്ഞുകൂടുന്നത് കാണാം. ഇത്തരം ലളിതമായ മുൻകരുതലുകളിലൂടെ ഭക്ഷണത്തിലെ മായം തിരിച്ചറിയാനും കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നമുക്ക് സാധിക്കും.


