ലണ്ടൻ: യുകെയിൽ 18 വയസ്സുള്ള യുവതിയെ പാർക്കിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ പാകിസ്ഥാൻ സ്വദേശിക്ക് 10 വർഷം തടവ് ശിക്ഷ. 28-കാരനായ ഷെറാസ് മാലിക്കിനാണ് ബിർമിംഗ്ഹാം ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ പൂർത്തിയാക്കിയതിന് ശേഷം നാല് വർഷം കർശന നിരീക്ഷണത്തിനും വിധേയനാകണം.
2025 ജൂണിൽ നോട്ടിംഗ്ഹാംഷെയറിലെ ഒരു പാർക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ മറ്റൊരാൾ ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ ഷെറാസ് മാലിക്കും ആക്രമണം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. സംഭവസമയത്ത് യുവതി അതീവ ദുർബലമായ അവസ്ഥയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
സുഹൃത്തിനൊപ്പം പാർക്കിലെത്തിയ യുവതിയെ, സുഹൃത്ത് മറ്റൊരാളെ കാണാനായി പോയ സമയത്ത് മാലിക്കിന്റെയും സംഘത്തിന്റെയും അടുത്ത് ഏൽപ്പിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത് സംഘത്തിലെ ഒരാൾ ആദ്യം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് മാലിക്കും യുവതിയെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി ആക്രമിച്ചതായാണ് കേസ്.
ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന പ്രതിയുടെ വാദം കോടതി തള്ളി. യുവതി അമിതമായി മദ്യപിച്ചിരുന്നതും പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നതും പ്രതിക്ക് അറിയാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. എതിർക്കാൻ ശ്രമിച്ച യുവതിയെ മാലിക് മർദിച്ചതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
സംഭവത്തിൽ പ്രതി കുറ്റകൃത്യത്തോട് യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ലെന്നും സ്ത്രീകളോടുള്ള മോശം സമീപനം സമൂഹത്തിന് ഭീഷണിയാണെന്നും കോടതി വിലയിരുത്തി. കേസിലെ ഒന്നാം പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം നോട്ടിംഗ്ഹാംഷെയർ പൊലീസ് തുടരുകയാണ്.






