ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടൽ നടത്തിയതിനെചൊല്ലിയാണ് സുപ്രീംകോടതിയുടെ വിമർശനം. ഒരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്ക് ഒരു അന്വേഷണത്തിനിടയിലൂടെ കടന്നെത്തി ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. എന്നിട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമാക്കി മാറ്റരുത്. മുഖ്യമന്ത്രിയായ ഒരാൾ മുഴുവൻ ജനാധിപത്യത്തെയും അപകടത്തിലാക്കിയ പ്രവൃത്തിയാണിത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർശനം.



