മുംബൈ: ഐപിഎല്ലിലെ ‘എല്‍ക്ലാസിക്കോ’ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ മൈതാനത്ത് തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്സ്. കളിയുടെ സമസ്ത മേഖലയിലും എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ചെന്നൈ ജയം സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മോശം പ്രകടനമാണ് വാംഖഡെയില്‍ കണ്ടത്. ബാറ്റിങിലും ബൗളിങിലും അമ്പേ തകര്‍ന്നു പോവുകയായിരുന്നു.
103 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 19 ഓവറില്‍ വെറും 104 റണ്‍സില്‍ അവസാനിച്ചു.
സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും നായകനായ പോരില്‍ അകീല്‍ ഹുസൈന്‍ അടക്കമുള്ള ബൗളിങ് നിരയുടെ ഒന്നാകെയുള്ള മികവും ജയം അനായാസമാക്കി. സീസണില്‍ 7 മത്സരങ്ങളില്‍ മൂന്നാം ജയം സ്വന്തമാക്കി ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കും കയറി. സീസണില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്.




