ഗുരുവായൂർ: ക്ഷേത്രപരിസരത്ത് ‘ഈദ് മുബാറക്’ എന്നെഴുതിയ മിഠായി കവർ കണ്ടെത്തിയ സംഭവത്തിൽ പൊലീസും ദേവസ്വവും വിശദമായ അന്വേഷണം നടത്തി. കഴിഞ്ഞ 21-നാണ് സംഭവം ഉണ്ടായത്. ക്ഷേത്രത്തിന് പുറത്ത് ഒരു കുട്ടിയുടെ കൈയിൽ കണ്ട കവർ തമിഴ്നാട് സ്വദേശിയായ ഭക്തയാണ് പൊലീസിന് കൈമാറിയത്. തുടർന്ന് ക്ഷേത്രപരിസരത്ത് ആരെങ്കിലും മിഠായി വിതരണം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ്-ദേവസ്വം സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.
അതേ ദിവസം ക്ഷേത്ര കിഴക്കെ നടയിലെ കംഫർട്ട് സ്റ്റേഷനു സമീപം സംശയാസ്പദമായി പെരുമാറിയ കശ്മീർ സ്വദേശിയായ ഒരാളെ പൊലീസ് പിടികൂടി. താരിഖ് അൻവർ (47) എന്ന ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇയാളെ കാണാനില്ലെന്നു ബന്ധുക്കൾ കശ്മീരിലെ നൗഖാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ, ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. ‘ഈദ് മുബാറക്’ എന്ന് എഴുതിയ മിഠായി കശ്മീരി സ്വദേശി ക്ഷേത്രത്തിൽ വിതരണം ചെയ്തതായി വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സത്യാവസ്ഥ പൊതുജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയതായി പൊലീസും ദേവസ്വവും അറിയിച്ചു.




