വാഷിങ്ടൺ: ലൂസിയാനയിലെ മാളിനുള്ളിലെ ഫുഡ് കോർട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ബാറ്റൺ റൂഷിലെ മാൾ ഓഫ് ലൂസിയാനയിലാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവയ്പ്പിലേക്ക് മാറിയതെന്ന് അധികൃതർ അറിയിച്ചു.
ഫുഡ് കോർട്ടിൽ ഉണ്ടായിരുന്ന സാധാരണ ജങ്ങൾക്കാണെന്നും വെടിയേറ്റതെന്നും സംഘാംഗങ്ങൾക്കല്ലെന്നും ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ മാളിനുള്ളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് മേധാവി ടിജെ മോഴ്സ് അറിയിച്ചു. പരിക്കേറ്റവരിൽ അസൻഷൻ എപ്പിസ്കോപ്പൽ സ്കൂളിലെ മൂന്ന് ഹൈസ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നു എന്ന് ലഫായെറ്റ് പാരിഷ് പ്രസിഡന്റ് മോണിക്ക് ബ്ലാങ്കോ ബൗലെറ്റ് പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഉച്ചയ്ക്ക് 1.30ഓടെയാണ് വെടിവയ്പ്പ് നടന്നത്. ഫുഡ് കോർട്ടിനുള്ളിൽ വച്ച് ഇരു സംഘങ്ങളും തമ്മിൽ തർക്കം ഉണ്ടായതോടെയാണ് വെടിയുതിർക്കലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ആഴ്ച ലൂസിയാനയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ഞായറാഴ്ച ഷ്രെവ്‌പോർട്ടിൽ നടന്ന മറ്റൊരു സംഭവത്തിൽ ഒരു പിതാവ് സ്വന്തം കുട്ടികളുൾപ്പെടെ എട്ട് കുട്ടികളെ വെടിവച്ചു കൊന്നിരുന്നു.




