ഇസ്ലാമാബാദ്: ഇറാൻ– യുഎസ് സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയർന്നതോടെ പാകിസ്താനിൽ ഇന്ധന വില കുത്തനെ വർധിപ്പിച്ചു. പെട്രോൾ, ഹൈസ്പീഡ് ഡീസൽ എന്നിവയ്ക്ക് ലിറ്ററിന് 26.77 രൂപ വീതമാണ് വർധിച്ചത്.
പുതിയ വില പ്രകാരം ഒരു ലിറ്റർ പെട്രോളിന്റെ വില 366.58 രൂപയിൽ നിന്ന് 393.35 രൂപയായി ഉയർന്നു. ഹൈസ്പീഡ് ഡീസലിന്റെ വില 353.42 രൂപയിൽ നിന്ന് 380.19 രൂപയായും വർധിച്ചു. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 25 മുതൽ പ്രാബല്യത്തിൽ വന്നു. ആഗോള എണ്ണവില വർധിച്ചതിനെ തുടർന്ന് വില കൂട്ടേണ്ടിവന്നതാണെന്ന് പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് അറിയിച്ചു. വേറൊരു മാർഗമില്ലാത്തതിനാലാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്ന ഇന്ധന വില ഇളവുകൾക്ക് ഈ നടപടി തിരിച്ചടിയായി. ഇന്ധനവില ഉയർന്നത് ഗതാഗത ചെലവും ഭക്ഷ്യവസ്തുക്കളുടെ വിലയും വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.




