മലപ്പുറം: ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കരുളായി ചെട്ടി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീൻ (50) നെ നിലമ്പൂർ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസർഗോഡിൽ നിന്ന് അറസ്റ്റ് ചെയ്തു.
2017 ഏപ്രിൽ 23-നാണ് സംഭവം നടന്നത്. ബന്ധുവായ ആലുങ്ങൽ ഹസീനയെ പ്രതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന ജമാലുദ്ദീൻ, മഞ്ചേശ്വരം പൈവളികെ പ്രദേശത്ത് ടാപ്പിംഗ് തൊഴിലാളിയായി കഴിഞ്ഞ രണ്ട് വർഷത്തോളമായി കഴിയുകയായിരുന്നു. ഇയാൾ കൊലക്കേസ് പ്രതിയാണെന്ന കാര്യം പ്രദേശവാസികൾക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘം ആഴ്ചകളോളം മഞ്ചേശ്വരം മേഖലയിലെ തോട്ടങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തി. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.
ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എസ്.സി.പി.ഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.






