കോഴിക്കോട്: ചാനിയംകടവിൽ മുസ്ലിം ലീഗ്–സി.പി.എം സംഘർഷത്തിനിടെ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ വടകര പൊലീസിൽ കീഴടങ്ങി. താഴെ കുറ്റിയിൽ യൂസഫിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ചാനിയംകടവ് നിടുംകുനിയിൽ സുരേഷ് (45), മൂന്നാം പ്രതി കൈതവളപ്പിൽ രഞ്ജിത്ത് (43), അഞ്ചാം പ്രതി മലയിൽ അശ്വന്ത് (31) എന്നിവരാണ് കീഴടങ്ങിയത്.
നേരത്തെ ഇതേ കേസിൽ ചാനിയംകടവ് തേവരോട്ട് താഴകുനി ബബിൻ എന്ന സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി യൂസഫിനെ ക്രൂരമായി ആക്രമിക്കുകയും സ്വർണവും മൊബൈൽ ഫോണും കവർന്നതുമാണെന്ന് പരാതിയിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യൂസഫിനെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ വധശ്രമക്കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘർഷത്തിനിടെ ഒരു സി.പി.എം പ്രവർത്തകനും രണ്ട് ലീഗ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. കേസിലെ മറ്റ് പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്.




