കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമാക്കി നിരന്തരം കവർച്ച നടത്തിയിരുന്ന മൂന്ന് അംഗ ബംഗ്ലാദേശ് സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റിനെ കുറിച്ച് അറിയിച്ചത്.
ജലീബ് അൽ-ഷുയൂഖ് പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയിലെ ടിക്കറ്റ് ഇൻസ്പെക്ടർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ബസുകളിൽ യാത്രക്കാരിൽ നിന്ന് പണം കവർന്ന സംഭവങ്ങൾ സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്, നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് നടത്തിയത്. പ്രതികളിൽ നിന്ന് കവർന്നതായി കരുതുന്ന 333 കുവൈത്തി ദിനാർ പിടിച്ചെടുത്തു.
അറസ്റ്റിലായവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്നും സംശയാസ്പദമായ കാര്യങ്ങൾ 112 എന്ന എമർജൻസി നമ്പറിൽ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.




