ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സുരക്ഷാ സ്ഥിതി വഷളായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലുമുണ്ടായ ഭീകരാക്രമണങ്ങളാണ് ആശങ്ക വർധിപ്പിച്ചത്. ബമാകോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സാഹചര്യം ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് മാലി സൈന്യം അറിയിച്ചിട്ടുണ്ടെങ്കിലും, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. മാലിയിലെ കാറ്റി ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണം നടത്തിയതിനെ തുടർന്ന് ബമാകോയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും വീടിനുള്ളിൽ തന്നെ തുടരണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി +223 78486019, +223 94793705 എന്നീ നമ്പറുകളിൽ എംബസിയെ ബന്ധപ്പെടാമെന്നും അറിയിച്ചു. എംബസിയുടെ വെബ്സൈറ്റ്, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി വിവരങ്ങൾ തുടർച്ചയായി പിന്തുടരണമെന്നും നിർദേശമുണ്ട്. സ്ഥിതിഗതികൾ മാലിയൻ അധികൃതരുമായി ഏകോപിപ്പിച്ച് നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും എംബസി വ്യക്തമാക്കി.




