മുംബൈ: ശൈശവ വിവാഹങ്ങൾ തടയുന്നതിനായി വിവാഹ ക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ ജനനത്തീയതി ഉൾപ്പെടുത്തുന്ന നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ. വനിതാ-ശിശു വികസന മന്ത്രി അദിതി തത്കരെ ആണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ പൂർണമായും തടയുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ബിജെപി അംഗം അതുൽ ഭട്ഖൽകർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നൽകിയത്. വിവാഹ ക്ഷണക്കത്തുകളിൽ ജനന തീയതി രേഖപ്പെടുത്തുന്ന രീതി രാജസ്ഥാൻ സർക്കാർ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ ശൈശവ വിവാഹ നിരക്ക് 2019-21 കാലയളവിലെ 21.9 ശതമാനത്തിൽ നിന്ന് 2023-24ൽ 19.6 ശതമാനമായി കുറഞ്ഞതായി മന്ത്രി അറിയിച്ചു. 2025-26 കാലയളവിൽ 1,434 ശൈശവ വിവാഹങ്ങൾ തടഞ്ഞ് കേസെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ലാ ആക്ഷൻ സമിതികൾ, ഗ്രാമ സംരക്ഷണ സമിതികൾ, താലൂക്ക്-ഗ്രാമ പഞ്ചായത്ത് തല കമ്മിറ്റികൾ എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.






