കണ്ണൂർ: ഇരിട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
ബാംഗ്ലൂരിൽ നിന്ന് ബസിൽ ഇരിട്ടിയിൽ എത്തിയതായിരുന്നു ഇവർ. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി എന്നാണ് വിവരം. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.




