കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായി ഇടപെട്ട് പോലീസ് രക്ഷപ്പെടുത്തി. കയറിൽ തൂങ്ങി നിന്നിരുന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് ചേർത്തുനിർത്തി. കൊട്ടാരക്കര എസ്.ഐ. പങ്കജ് കൃഷ്ണയും സി.പി.ഒ. കിരണും മിന്നൽവേഗത്തിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
ശനിയാഴ്ച വൈകിട്ട് വെള്ളാരംകുന്നിൽ 40കാരൻ കയറുമായി മുറിക്കുള്ളിൽ കയറി കതക് അടച്ചതോടെയാണ് സംഭവം. യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്ന അടിയന്തര വിവരം ലഭിച്ചതോടെ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കതക് ചവിട്ടിത്തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു യുവാവിനെ കണ്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ഉയർത്തിപ്പിടിച്ച് കഴുത്തിലെ കുരുക്ക് അഴിച്ച് രക്ഷപ്പെടുത്തി. തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




