എത്ര ക്രമമായി പണം സമ്പാദിച്ചാലും ചില അടിയന്തര സാഹചര്യങ്ങളിൽ വായ്പ ആവശ്യമായി വരാം. എന്നാൽ, മികച്ച ക്രെഡിറ്റ് സ്‌കോർ ഉണ്ടെന്ന വിശ്വാസത്തോടെ ബാങ്കിനെ സമീപിക്കുമ്പോൾ തന്നെ, നിങ്ങളുടെ പേരിൽ ഇതിനകം കുടിശ്ശികയുള്ള വായ്പയുണ്ടെന്ന് അറിയിക്കപ്പെടുന്ന സാഹചര്യം പലർക്കും നേരിടേണ്ടി വരുന്നു. താൻ ഒരിക്കലും എടുത്തിട്ടില്ലാത്ത വായ്പയുടെ പേരിൽ കുടുങ്ങുന്ന ഈ അവസ്ഥ വലിയ ആശങ്കയ്ക്ക് ഇടയാക്കും.
ഇത്തരത്തിലുള്ള സംഭവങ്ങൾക്കു പിന്നിൽ പാൻ കാർഡ് വിവരങ്ങളുടെ ദുരുപയോഗമാണ് പ്രധാന കാരണം. പാൻ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്പ എടുക്കുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. പിന്നീട് ബാങ്കുകളെ സമീപിക്കുമ്പോഴാണ് വ്യക്തി തന്റെ പേരിൽ വ്യാജ വായ്പകളുണ്ടെന്ന് തിരിച്ചറിയുന്നത്. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം?
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ഇടയ്ക്കിടെ പരിശോധിക്കുക. നിങ്ങൾ എടുത്തിട്ടില്ലാത്ത വായ്പകളോ, സംശയാസ്പദമായ ലോൺ എൻക്വയറികളോ കാണുന്നുണ്ടെങ്കിൽ അത് തട്ടിപ്പിന്റെ സൂചനയായേക്കാം.
തട്ടിപ്പിന് ഇരയായാൽ എന്ത് ചെയ്യണം?
- ബന്ധപ്പെട്ട ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ ഉടൻ അറിയിച്ച് പരാതി നൽകുക.
- വായ്പയുമായി ബന്ധപ്പെട്ട എല്ലാ കെവൈസി രേഖകളും ആവശ്യപ്പെടുക.
- ദേശീയ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുക അല്ലെങ്കിൽ പോലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക.
- സിബിൽ പോലുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളെ വിവരം അറിയിച്ച് വായ്പ വ്യാജമാണെന്ന് രേഖപ്പെടുത്താൻ ആവശ്യപ്പെടുക.
- സുരക്ഷാ മുൻകരുതലായി ബാങ്ക് പാസ്‌വേഡുകൾ മാറ്റുകയും സാമ്പത്തിക ഇടപാടുകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ചെയ്യുക.
തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം?
- പാൻ, ആധാർ വിവരങ്ങൾ അനാവശ്യമായി പങ്കുവെയ്ക്കാതിരിക്കുക.
- സാധ്യമായിടത്ത് മാസ്ക് ചെയ്ത ആധാർ ഉപയോഗിക്കുക.
- ക്രെഡിറ്റ് സ്‌കോർ കൃത്യമായി പരിശോധിക്കുന്ന ശീലം വളർത്തുക.
സാവധാനവും സമയോചിതമായ ഇടപെടലുകളും ഇത്തരം സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.




