തിരുവനന്തപുരം: ആറ്റിങ്ങലിൽ അഗ്നിക്കാവടിക്കിടെ അപകടം. മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ ഭക്തൻ തീകുണ്ഠത്തിൽ വീണ് പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. മണമ്പൂർ സ്വദേശി റിജുവാണ് അപകടത്തിൽപ്പെട്ടത്. അഗ്നിക്കാവടിയുടെ ഭാഗമായി തീകുണ്ഠത്തിലേക്ക് ചാടുന്നതിനിടെ കാലിടറി വീഴുകയായിരുന്നു.
അപകടത്തിൽ റിജുവിന്റെ കൈകാലുകൾക്കും വയറിനും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിജു കഴിഞ്ഞ വർഷവും അഗ്നിക്കാവടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് ആശങ്കയുണ്ടായി.




