കോഴിക്കോട്: വിമാന ടിക്കറ്റ് ഉണ്ടായിട്ടും യാത്രയ്ക്ക് സീറ്റ് നിഷേധിച്ച കേസിൽ എയർ ഏഷ്യയ്ക്ക് ഉപഭോക്തൃ കോടതിയുടെ തിരിച്ചടി. പരാതിക്കാർക്ക് നഷ്ടപരിഹാരമായി ആദ്യഘട്ടത്തിൽ 1.53 ലക്ഷം രൂപ നൽകാൻ കമ്പനി നിർബന്ധിതമായി. കല്ലായി സ്വദേശി മുൻഷിദ് അലി, നല്ലളം സ്വദേശി ഷഹരിയാർ, മാവൂർ റോഡ് സ്വദേശി ഇജാസ് മുഹമ്മദ് എന്നിവരാണ് പരാതി നൽകിയത്.
2009ൽ കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തയ്യാറായിരിക്കെ സുരക്ഷാ ജീവനക്കാർ ഇവരെ തടഞ്ഞുവെന്നാണ് പരാതി. അനൗൺസ് ചെയ്ത സമയത്ത് എത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സീറ്റ് നിഷേധിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. തുടർന്ന് അന്നത്തെ രാത്രി വിമാനത്താവളത്തിൽ തങ്ങേണ്ടിവന്ന ഇവർ, അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയായിരുന്നു.
പരാതി പരിഗണിച്ച എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ആദ്യം ഒരാൾക്ക് 25,000 രൂപയും ചെലവും നൽകാൻ എയർ ഏഷ്യയ്ക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അപ്പീലുകളിൽ കേസ് ദേശീയതലത്തിലേക്ക് എത്തിയതോടെ നഷ്ടപരിഹാരം ഒരാൾക്ക് ഒരു ലക്ഷം രൂപയായി ഉയർത്തി.
നഷ്ടപരിഹാരം നൽകുന്നതിൽ വൈകിയതിനെ തുടർന്ന് വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് ഇപ്പോൾ 1,53,498 രൂപ കൈമാറിയത്. ശേഷിക്കുന്ന തുക ഉടൻ നൽകാത്ത പക്ഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകി.




