കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂര്‍ത്തിയായതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തില്ലെന്നും അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനെയും സഹസംവിധായക ശാലിനിയെയും ചോദ്യം ചെയ്തെങ്കിലും, രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നതിന് തെളിവ് ലഭിച്ചില്ല. അതിജീവിതയെ ഭീഷണിപ്പെടുത്തിയതായും തെളിവില്ല. കേസിന് മുമ്പ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതിനിടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഞ്ജിത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ല വിട്ട് പോകാൻ അനുമതി അടക്കമുള്ള ആവശ്യങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തും. ലൈംഗിക അതിക്രമ കേസിൽ രഞ്ജിത്തിന് നേരത്തെ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യനില പരിഗണിച്ചാണ് ജാമ്യം നൽകിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഫോർട്ട് കൊച്ചിയിലെ സിനിമാ ഷൂട്ടിംഗിനിടെ യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഏപ്രിൽ ഒന്നിനാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. നടിയുടെ അഭിനയത്തെ വിമർശിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ വാദം. കേസിൽ അന്വേഷണം തുടരുന്നു.




