ചണ്ഡീഗഢ്: അർധസെഞ്ചുറി തികയാതെ മടങ്ങിയെങ്കിലും പവർപ്ലേയിൽ പഞ്ചാബ് ബൗളർമാരെ അടിച്ചുതകർത്ത വെടിക്കെട്ട് ഇന്നിങ്സുമായി വൈഭവ് സൂര്യവംശി ശ്രദ്ധേയനായി. വെറും 16 പന്തിൽ 43 റൺസ് നേടിയ താരം രാജസ്ഥാനിന് ശക്തമായ തുടക്കമാണ് സമ്മാനിച്ചത്.
മൂന്ന് ഫോറുകളും അഞ്ച് സിക്‌സറുകളും ഉൾപ്പെട്ട ഇന്നിങ്സിൽ മൂന്ന് ഹെലികോപ്റ്റർ ഷോട്ടുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ഈ ഷോട്ടുകൾ മഹേന്ദ്ര സിങ് ധോണിയുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. അർഷ്ദീപ് സിങ്ങിനെതിരെ ഒരു സിക്‌സും ലോക്കി ഫെർഗൂസണെതിരെ രണ്ട് സിക്‌സറും ഇത്തരത്തിൽ നേടി.
223 റൺസ് ലക്ഷ്യം പിന്തുടർന്ന രാജസ്ഥാനിന് വൈഭവ് നൽകിയ തുടക്കം നിർണായകമായിരുന്നു. ആദ്യ ഓവറിൽ തന്നെ അർഷ്ദീപിനെതിരെ ഒരു സിക്‌സും രണ്ട് ഫോറും നേടിയ താരം, തുടർന്ന് ലോക്കി ഫെർഗൂസണിനെതിരെ രണ്ട് സിക്‌സും ഒരു ഫോറും നേടി. മാർക്കോ യാൻസനെതിരെയും സിക്‌സ് നേടിയ ശേഷം നാലാം ഓവറിൽ അർഷ്ദീപിന്റെ പന്തിൽ ശ്രേയസ് അയ്യർ പിടിച്ച ക്യാച്ചിൽ പുറത്തായി.
ഈ പ്രകടനത്തോടെ ടൂർണമെന്റിലെ റൺവേട്ടയിൽ ഒന്നാമതെത്തി ഓറഞ്ച് ക്യാപും സ്വന്തമാക്കി. ഒൻപത് മത്സരങ്ങളിൽ നിന്ന് 400 റൺസാണ് സമ്പാദ്യം. ഇതുവരെ മറ്റാരും 400 റൺസ് പിന്നിട്ടിട്ടില്ല. ഹൈദരാബാദിനെതിരെ 36 പന്തിൽ സെഞ്ചുറി നേടിയ താരം, ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ അതിവേഗ സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. 30 പന്തിൽ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇപ്പോഴും ഒന്നാമത്.




