കാസർഗോഡ്: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള നായിക്കാപ്പ് സ്വദേശിയായ ശ്രീനിവാസ് (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സീതാംഗോളി മദ്യവിൽപ്പനശാലയ്ക്ക് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ പിന്നിൽ നിന്നാണ് മുഗു ബാപ്പാലിപ്പൊനം സ്വദേശിയായ സഫായത്തിന്റെ (35) മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക വിലയിരുത്തലിൽ വ്യക്തമാകുന്നു.
സംഭവത്തെ തുടർന്ന് കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിൽ, സംഭവത്തിന് മുൻദിവസം സഫായത്തുമായി പ്രതി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശ്രീനിവാസ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.




