നിർമിതബുദ്ധി സാങ്കേതികവിദ്യയെ ആധാരമാക്കി ഒരുങ്ങുന്ന ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ എന്ന എ.ഐ സിനിമ പാപ്പരാസി എന്റർടെയ്ൻമെന്റ് കമ്പനി പ്രഖ്യാപിച്ചു. മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്.
പ്രകൃതിദുരന്തത്തിൽ അനാഥനായ ഒരാൾ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും ഭഗവാൻ അയ്യപ്പന്റെ ആത്മീയ പ്രചോദനത്തിലൂടെയും ശക്തനായ യോദ്ധാവായും കർമ്മനീതിയുടെ പ്രതീകമായും ഉയർന്നു വരുന്നതാണ് സിനിമയുടെ പ്രമേയം. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ ദൃശ്യവൽക്കരിക്കുന്നത്.
“സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിൽ മാനവികത മാറുകയാണോ, ഇല്ലെങ്കിൽ പുനർനിർവചിക്കപ്പെടുകയാണോ?”, “ആധുനിക ലോകത്ത് സ്ത്രീകൾ സുരക്ഷിതരാണോ?” തുടങ്ങിയ ചോദ്യങ്ങൾ ചിത്രത്തിലൂടെ ഉയർത്തിക്കൊണ്ടുവരുന്നു. സ്ക്രിപ്റ്റ് തയ്യാറാക്കൽ മുതൽ വിഷ്വൽ ഡിസൈൻ, പോസ്റ്റ് പ്രൊഡക്ഷൻ വരെ സിനിമ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എ.ഐയുടെ വ്യാപകമായ ഉപയോഗം ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
“ഇത് വെറും ഒരു സിനിമയല്ല, ലോക സിനിമയുടെ ഭാവിയിലേക്കുള്ള ഒരു ദർശനമാണ്. പരിധികളില്ലാത്ത ദൃശ്യാവിഷ്‌കാരത്തിന് എ.ഐ വലിയ സാധ്യതകൾ തുറന്നിടുന്നു,” എന്ന് പാപ്പരാസി എന്റർടെയ്ൻമെന്റ് കമ്പനി അറിയിച്ചു.
ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ഫസ്റ്റ് ലുക്ക് മേയ് 3-ന് എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വൈകിട്ട് 4.30 മുതൽ 7.30 വരെ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. ചലച്ചിത്ര-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
പാപ്പരാസി എന്റർടെയ്ൻമെന്റ്, വി ക്രിയേറ്റ് എന്റർടെയ്ൻമെന്റ്, ഗുഡ്ഫെല്ലസ് ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മേയ് 29-ന് ലോകമെമ്പാടും അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും. പിആർഒ: വാഴൂർ ജോസ്.




