ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖലയെയും (NCR) വടക്കേ ഇന്ത്യയെയും ലക്ഷ്യമിട്ട് നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ പ്രവർത്തനം ആരംഭിക്കും എന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന് ആവശ്യമായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അനുമതി ഏപ്രിൽ 27-ന് ലഭിച്ചതോടെയാണ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അന്തിമ നടപടികൾ പുരോഗമിച്ചത്.
ഉത്തർപ്രദേശിലെ ജെവാറിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനം മാർച്ച് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതിന് മുൻപ് മാർച്ച് 6-ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതിയും ലഭിച്ചിരുന്നു.
വിമാനത്താവളത്തിന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിതു സാമ്ര ചുമതലയേറ്റിട്ടുണ്ട്. നേരത്തെ സിഇഒ ആയിരുന്ന സ്വിസ് പൗരൻ ക്രിസ്റ്റോഫ് ഷ്നെൽമാനെ മാറ്റിയ ശേഷമാണ് പുതിയ നിയമനം നടന്നത്. വിദേശ പൗരന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തിന് അന്തിമ സുരക്ഷാ അനുമതി നൽകുന്നതിൽ ഉണ്ടായ തടസ്സങ്ങളെ തുടർന്നാണ് ഈ മാറ്റം ഉണ്ടായത്.
അതേസമയം ജൂൺ 15ന് ഇൻഡിഗോയുടെ വിമാനമാണ് ആദ്യം പറയുന്നുയരുക. പിന്നീട് ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികളും സർവീസ് ആരംഭിക്കും. റൂട്ടുകളും ഷെഡ്യൂളുകളും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.




