പാലക്കാട്: പാലക്കാട് നഗരത്തിലെ ടൗൺ റെയിൽവേ മേൽപാലത്തിന് സമീപം ഫ്ലാറ്റിനോടു ചേർന്ന ഒഴിഞ്ഞ പറമ്പിൽ ഉണ്ടായ തീപിടിത്തം വൻ ദുരന്തമായി മാറാതെ ഒഴിവായി. വ്യാഴാഴ്ച രാവിലെ 11.30ഓടെ പഴങ്ങൾ നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പെട്ടികൾക്കാണ് തീപിടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തീ പടർന്നു കനത്ത പുകയും ദുർഗന്ധവും പരന്നു, പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു.
അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ അരമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്. സമീപത്തെ അഞ്ചുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉയരത്തോളം തീ ഉയർന്നെങ്കിലും കെട്ടിടത്തിലേക്ക് പടരാതെ നിയന്ത്രിക്കാനായത് വലിയ അപകടം ഒഴിവാക്കി. ഫ്ലാറ്റിനു താഴെ പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ പിൻഭാഗം ചൂടേറ്റ് ഉരുകി നശിച്ചു.
തീപിടിത്തമുണ്ടായ സ്ഥലത്തിന് സമീപം ഇൻവെർട്ടർ റൂമും ജനറേറ്റർ ഡീസൽ സ്റ്റോറേജ് ടാങ്കും ഉണ്ടായിരുന്നു. ടാങ്കിൽ ഏകദേശം 60 ലീറ്റർ ഡീസൽ ഉണ്ടായിരുന്നുവെങ്കിലും തീ അവിടേക്കു പടരാതിരുന്നത് കൂടുതൽ അപകടസാധ്യത ഒഴിവാക്കി. ടൗൺ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും തീ പടരാതെ നിയന്ത്രിക്കാനായത് രക്ഷയായി.
പ്ലാസ്റ്റിക് പെട്ടികൾക്കൊപ്പം വൈക്കോൽ, കാർഡ്ബോർഡ് തുടങ്ങിയ എളുപ്പം കത്തുന്ന വസ്തുക്കൾ കൂട്ടിയിട്ടിരുന്നതാണ് തീ അതിവേഗം പടരാൻ കാരണമായത്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ വസ്തുക്കൾ സൂക്ഷിച്ചിരുന്നതായും ആരോപണം ഉയരുന്നു. രണ്ട് മാസം മുൻപും ഇതേ സ്ഥലത്ത് തീപിടിത്തം ഉണ്ടായിരുന്നുവെന്ന് അപ്പാർട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് റിയാസ് ബഷീർ പറഞ്ഞു. അപകടസാധ്യത ചൂണ്ടിക്കാട്ടി ഇവ നീക്കണമെന്നാവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലാറ്റിന്റെ പുറംഭാഗം ചൂടിലും പുകയിലും കരിഞ്ഞു. എസി യൂണിറ്റുകൾ, ലൈറ്റുകൾ, വൈദ്യുതി വയറിംഗ് എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു. ജനൽച്ചില്ലുകൾ പൊട്ടുകയും ഫ്ലാറ്റിനുള്ളിലേക്ക് പുക കയറുകയും ചെയ്തതോടെ താമസക്കാർ ഒഴിഞ്ഞുമാറി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഗേറ്റിനടുത്ത് നിന്നാണ് തീ ആരംഭിച്ചതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. സമീപപ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം ഉണ്ടെന്നും വലിച്ചെറിഞ്ഞ സിഗരറ്റ് മൂലമായിരിക്കാം തീപിടിത്തമെന്ന സംശയവും ഉയരുന്നുണ്ട്. സമീപത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നാട്ടുകാരും അഗ്നിരക്ഷാസേനയും സമയബന്ധിതമായി ഇടപെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.




