ജെറുസലേം:ഇസ്രായേലിന്റെ അധീനതയിലുള്ള കിഴക്കൻ ജെറൂസലേമിൽ കന്യാസ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതിയായ ഇസ്രായേൽ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂത വിഭാഗത്തിൽപ്പെട്ട മുപ്പത്തിയാറുകാരനാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന അക്രമത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തെരുവിലൂടെ നടന്നുപോകുകയായിരുന്ന ഫ്രഞ്ച് സ്വദേശിയായ കന്യാസ്ത്രീയെ യാതൊരു പ്രകോപനവുമില്ലാതെ പിന്നിലൂടെ ഓടിയെത്തിയ പ്രതി തള്ളിവീഴ്ത്തുകയായിരുന്നു.
നിലത്തുവീണ കന്യാസ്ത്രീയുടെ തല കല്ലുപാകിയ റോഡിൽ ഇടിക്കുകയും തുടർന്ന് പ്രതി അവരെ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.പരസ്യമായി നടന്ന ഈ ആക്രമണത്തിൽ പരിക്കേറ്റ കന്യാസ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ വലിയ തോതിലുള്ള അന്താരാഷ്ട്ര പ്രതിഷേധം ഉയർന്നതോടെയാണ് പ്രതിയെ പിടികൂടാൻ ഇസ്രായേൽ പൊലീസ് തയ്യാറായത്.
പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതൊരു വംശീയ അധിക്ഷേപത്തിന്റെ ഭാഗമായി നടന്ന ആക്രമണമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെങ്കിലും, പ്രതിക്കെതിരെ നിലവിൽ അത്തരം ഗൗരവകരമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ജെറൂസലേമിലെ ക്രൈസ്തവ സഭകൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.




