ജമ്മു: നഗരപരിസരമായ ബന്താപ്പിലെ തൂതർ പ്രദേശത്ത് നിർമാണത്തിലിരുന്ന പഴയ പാലത്തിന്റെ ഭാഗം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചേർന്നുള്ള ഏകദേശം 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ കേടായ പാലത്തിന്റെ അടിത്തറയും ഭിത്തിയും പുനർനിർമ്മിക്കുന്നതിനിടെയാണ് അപകടം. ജോലിയിലുണ്ടായിരുന്ന നാല് തൊഴിലാളികൾ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിയിൽപ്പെട്ടു. ഉടൻ പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
തർസേം ലാൽ എന്ന തൊഴിലാളിയെ അപകടം നടന്ന ഉടൻ രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ഫ്ലഡ്‌ലൈറ്റുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ശനിയാഴ്ച പുലർച്ചെയാണ് മൂന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെ കല്ല് വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മുഹമ്മദ് ജാഫറിനും പരിക്കേറ്റു.
അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാഹിൽ വർമ, ജൂനിയർ എഞ്ചിനീയർ സജാദ് മിർ എന്നിവരെ സസ്പെൻഡ് ചെയ്തു. എക്സിക്യൂട്ടീവ് എഞ്ചിനീയറെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും നിർദേശമുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.




