ബെംഗളൂരു: മൈസൂരിലെ ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾക്ക് അശുദ്ധവും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം നൽകിയെന്ന പരാതിയിൽ കർണാടക സർക്കാർ കടുത്ത നടപടി സ്വീകരിച്ചു. ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി മെസ്സ് അടപ്പിച്ചു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മെസ്സിൽ പരിശോധന നടത്തി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്ക് പകരം ഭക്ഷണം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അഞ്ച് കോളേജുകളിൽ ഒരേ ഏജൻസിയാണ് ഭക്ഷണം വിതരണം ചെയ്തിരുന്നതെന്നും, ഭക്ഷണത്തിൽ ഗുണനിലവാരക്കുറവ് ഗുരുതരമാണെന്നുമാണ് വിദ്യാർത്ഥികളുടെ പരാതി. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റിക്കും, ചോറിൽ പാറ്റയും കണ്ടെത്തിയതായി അവർ ആരോപിച്ചു. ഭക്ഷ്യവിഷബാധ പതിവായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
മെസ് ഫീസായി വർഷം 80,000 രൂപ ഈടാക്കുന്നതായും, പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാത്തതായും വിദ്യാർത്ഥികൾ വ്യക്തമാക്കി. പരാതിപ്പെട്ടാൽ ശിക്ഷാനടപടികളും ഇന്റേണൽ മാർക്ക് കുറയ്ക്കലും സർട്ടിഫിക്കറ്റ് തടയലും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നു.
സംഭവത്തിൽ ഇടപെട്ട് കർശന നടപടി ആവശ്യപ്പെട്ട എംപി കെ.സി. വേണുഗോപാലിനെ ആരോഗ്യ മന്ത്രി നടപടികൾ അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.




