മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെയും ഫാത്തിമയുടെ പിതാവ് അയ്യൂബുവിന്റേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്നു. ഉച്ചയോടെയാണ് പൊലീസ് അകമ്പടിയോടെ പ്രതിയെ കൊല നടത്തിയ സ്ഥലത്തെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴോടെ ഫാത്തിമയെയും കുഞ്ഞിനെയും കടപ്പുറത്തേക്ക് കൊണ്ടുവന്നശേഷം പ്രതി കുഞ്ഞിനെ സമീപത്ത് ഉറക്കിക്കിടത്തുകയും തുടര്‍ന്ന് ഫാത്തിമയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് തല മണലില്‍ പുഴ്ത്തിവെക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായും കടപ്പുറത്ത് വെച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.






