ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ബാർഡ് കോളേജ് പ്രസിഡൻറ് ലിയോൺ ബോട്ട്സ്റ്റീൻ വിരമിക്കൽ പ്രഖ്യാപിച്ചു. അരനൂറ്റാണ്ടിലേറെയായി കോളേജിന്റെ പ്രസിഡൻറായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം ജൂൺ അവസാനത്തോടെ പദവി ഒഴിയും.
തീരുമാനം കോളേജ് അധികൃതരെ അറിയിച്ചതായും, എന്നാൽ അധ്യാപകനായും സംഗീതജ്ഞനായും സ്ഥാപനത്തിൽ തുടരുമെന്നും ബോട്ട്സ്റ്റീൻ വ്യക്തമാക്കി. എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയെന്നാരോപിച്ചാണ് വിവാദം ഉയർന്നത്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ പ്രകാരം ബോട്ട്സ്റ്റീനും എപ്സ്റ്റീനും തമ്മിൽ പലതവണ കൂടിക്കാഴ്ചകൾ നടന്നതായി വ്യക്തമാകുന്നു. ബാർഡ് കോളേജിൽ എപ്സ്റ്റീൻ എത്തിയതിന്റെയും 2013ൽ കോളേജ് ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെയും വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 2018ൽ എപ്സ്റ്റീനെതിരായ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷവും ഇരുവരും ബന്ധപ്പെട്ടു എന്ന സൂചനകളും രേഖകളിലുണ്ട്.
എന്നാൽ, എപ്സ്റ്റീനുമായി വ്യക്തിപരമായ അടുപ്പമില്ലെന്നും കോളേജിന്റെ ഫണ്ടിംഗ് സംബന്ധിച്ച കാര്യങ്ങൾക്കായാണ് ആശയവിനിമയം നടത്തിയതെന്നും ബോട്ട്സ്റ്റീൻ മുൻപ് വ്യക്തമാക്കിയിരുന്നു. എപ്സ്റ്റീൻ ഐലൻഡുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ബോട്ട്സ്റ്റീന്റെ പേര് പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.




