തുംകൂരു: കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവമാണ് ആശങ്കയ്ക്ക് ഇടയായത്. തുംകൂരു താലൂക്കിലെ ബൊമ്മനഹള്ളി, മച്ചേനഹള്ളി പ്രദേശങ്ങളിൽ ഏപ്രിൽ 16 മുതൽ 24 വരെ മയിലുകൾ ചത്തിരുന്നു.
ആദ്യം കടുത്ത ചൂടാണ് കാരണം എന്ന് കരുതിയെങ്കിലും ലബോറട്ടറി പരിശോധനയിൽ എച്ച്5എൻ1 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന 33 ഗ്രാമങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മേഖലയിൽ അണുനാശിനി സ്പ്രേ ചെയ്യാനും നിരീക്ഷണം ശക്തമാക്കാനും അധികൃതർ നടപടി സ്വീകരിച്ചു.
രോഗം മറ്റ് പക്ഷികളിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സമീപത്തെ കോഴിഫാമുകളിൽ നിന്നാകാം രോഗം പടർന്നതെന്നാണ് സംശയം. കോഴിഫാം ഉടമകൾക്കും ബോധവൽക്കരണം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ 23ന് ശേഷം മയിലുകളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ സ്ഥിതി നിയന്ത്രണത്തിലാണ് എന്ന് അധികൃതർ അറിയിച്ചു.




