കോഴിക്കോട്: കാല്‍നൂറ്റാണ്ടിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാൻ സഹായകമായത് എഐ സാങ്കേതികവിദ്യ. നാദാപുരം എടച്ചേരി സ്വദേശിയായ ഹമീദ് ആണ് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്.
2001-ൽ ഭാര്യ ജമീലയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസിന് ലഭ്യമായിരുന്ന പഴയ ഫോട്ടോ എഐയുടെ സഹായത്തോടെ നിലവിലെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ചിത്രം അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി.
പിടിയിലായതിന് പിന്നാലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ ഹമീദ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്നതിനിടെ മറ്റാരെങ്കിലും പ്രതിയെ സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.
കൊലപാതകത്തിന് ശേഷം കാസർകോട് മറ്റൊരു വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നു ഹമീദ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




