Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ ഫോൺ തലപ്പത്തും ആരോപണം; സന്തോഷ് ബാബുവിനെ തുടരാൻ അനുവദിച്ച് സർക്കാർ, ചരട് വലിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കെ-ഫോൺ എന്നത് ഡിജിറ്റൽ കേരളത്തിന്റെ ഒരു വിപ്ലവ നീക്കമായിരുന്നു. കേരളത്തിലുടനീളം അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച ഒരു പൊതുമേഖലാ പദ്ധതിയാണ്. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുക, എല്ലാവർക്കും ഇന്റർനെറ്റ് അവകാശമാക്കുക എന്ന ലക്ഷ്യത്തോടെയെല്ലാമാണ് ഈ പദ്ധതി തുടങ്ങിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്ഥാപനങ്ങൾക്കുമെല്ലാം വളരെ ​ഗുണകരമാകുമെന്ന് കരുതി തുടങ്ങിയ കെഫോണിന്റെ നിലവിലെ അവസ്ഥയെന്തെന്നത് തൽക്കാലം മാറ്റിവെക്കാം. പക്ഷേ, അങ്ങനെ മാറ്റിവെക്കാൻ കഴിയാത്ത അടിയന്തര പ്രാധാന്യമുള്ള ഒരു പ്രശ്നമാണ് ഇപ്പോൾ കെ ഫോണുമായി ബന്ധപ്പെട്ട് പുകയുന്നത്.

സംസ്ഥാനത്തെ സുപ്രധാന ഐടി അടിസ്ഥാന സൗകര്യ വികസന കമ്പനികളായ കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ എന്നിവയുടെ ഭരണതലപ്പത്ത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിയൊരുക്കുന്നതായി വലിയ ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ ഉയരുന്നുണ്ട് എന്നതും വിഷയത്തിന്റെ ​ഗൗരവം കൂട്ടുന്നു. കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളാണ് ഇദ്ദേഹത്തിന് വേണ്ടി ചരട് വലിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഡോ. സന്തോഷ് ബാബു ഈ സ്ഥാനത്ത് നിയമിതനാകുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നതിന് പിന്നാലെ അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു. ലഭ്യമായ ഇ-ഓഫീസ് രേഖകള്‍ പ്രകാരം സ്‌പെഷല്‍ സെക്രട്ടറി ശ്രീറാം സാംബശിവ റാവു വഴി മെയ് 22-ന് നീങ്ങിയ രാജിക്കത്ത്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് മുഖേന മെയ് 25-ന് വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയിട്ടുണ്ട്.

ഭരണ മാറ്റത്തെ തുടര്‍ന്ന് സന്തോഷ് ബാബു നല്‍കിയ രാജിക്കത്ത് അന്ന് സ്വീകരിക്കാതെ ഹോൾഡ് ചെയ്ത് വെച്ചതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. ഇതൊഴിച്ച് ബാക്കിയെല്ലാ രാജികളും സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ വിഷയം മാധ്യമശ്രദ്ധ നേടിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ രാജി ഓർഡർ വീണ്ടും സജീവമാവുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ, മെയ് 25ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച രാജിയുടെ ഫയൽ പിന്നീട് മുഖ്യമന്ത്രി വിഡി സതീശന് ലഭിക്കുന്നത് ജൂൺ 25ന്. ഒരു മാസത്തോളം പിടിച്ചുനിർത്താൻ മാത്രം എന്ത് ഡീലാണ് നടന്നതെന്നത് പ്രധാന ചോദ്യം. അതേസമയം, ഇദ്ദേഹത്തോടൊപ്പം രാജി സമര്‍പ്പിച്ച സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുടെ രാജി സര്‍ക്കാര്‍ ഉടനടി സ്വീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നത് കെഎസ്ഐടിഐഎല്‍, കെ- ഫോണ്‍ ഉള്‍പ്പടെ നാല് സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ (എസ്പിവി) നഷ്ടത്തിലാണെന്നതാണ്. വന്‍തോതില്‍ കടബാധ്യതയുള്ള ഈ കമ്പനികളുടെ നിലനില്‍പ്പ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ശനമായ സൂക്ഷ്മപരിശോധനയിലാണ്.

തമിഴ്നാട്ടിലെ ടാൻഫിനെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് വിരമിക്കുകയും, പിന്നീട് സജീവ രാഷ്ട്രീയത്തിലിറങ്ങി പരാജയപ്പെടുകയും ചെയ്ത് ഇരിക്കവെയാണ് ഡോ. സന്തോഷ് ബാബുവിനെ 2021 ഒക്ടോബർ 7-ന് അന്നത്തെ ഇടത് സർക്കാർ ഐടി പദ്ധതികളുടെ തലപ്പത്ത് നിയമിച്ചത്. എന്നാൽ സുപ്രധാന ഭരണച്ചുമതലകളും രഹസ്യ വിവരങ്ങളും ലഭിച്ച് വെറും 11 ദിവസങ്ങൾക്ക് ശേഷം 2021 ഒക്ടോബർ 18-ന് അദ്ദേഹം ചെന്നൈ വിലാസത്തിൽ ‘സന്തോഷ് ബാബു ടെക്നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ സ്വന്തമായി ഒരു സ്വകാര്യ ഐടി കമ്പനി രൂപീകരിച്ചു. യാതൊരുവിധ പശ്ചാത്തല പരിശോധനയോ IAS ഉദ്യോഗസ്ഥർ പാലിക്കേണ്ട ‘കൂളിംഗ് ഓഫ്’ പിരീഡോ ഇല്ലാതെയാണ് ഈ നിയമനം നടന്നത് എന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു.

സംസ്ഥാനത്തെ സുപ്രധാന ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് വാണിജ്യ ലാഭത്തിനായി സമാന്തര സ്വകാര്യ കമ്പനികൾ തുടങ്ങിയെന്നത് തന്നെ ​ഗുരുതരമായ ചട്ടലംഘനമാണ്.

ഇത്തവണ ഭരണമാറ്റം നടക്കാതെ വന്നതോടെ ഡോ. സന്തോഷ് ബാബു സമര്‍പ്പിച്ച രാജി സ്വീകരിക്കുന്നതിലെ കാലതാമസത്തിന് പിന്നില്‍ വലിയ തോതിലുള്ള സാമ്പത്തിക-ബാഹ്യ ഇടപെടലുകള്‍ നടക്കുന്നതായി പറയുന്നു. ഇതിന് പുറമെ, ഡോ. സന്തോഷ് ബാബു ഔദ്യോഗിക പദവിയിലിരുന്ന കാലയളവില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി വാങ്ങിക്കൂട്ടിയ രണ്ട് ആഡംബര വീടുകളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഈ സ്വത്ത് സമ്പാദനത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടന്നുവരികയാണ്. പിന്നാലെ രാജി സ്വീകരിച്ചെങ്കിലും ചില കേന്ദ്രങ്ങളിൽ നിന്നുള്ള സ്വാധീനഫലമായി അദ്ദേഹം വീണ്ടും ഇതേ സ്ഥാനത്തേക്ക് വരുകയാണെങ്കിൽ‌ അത് ഈ സർക്കാരിനെതിരെ വലിയ ആരോപണങ്ങളിലേക്ക് വഴിതുറക്കുമെന്നുറപ്പ്.

പുതിയ യുഡിഎഫ് സര്‍ക്കാരിലും തന്റെ പദവി നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് നേതാക്കളെ സ്വാധീനിക്കാന്‍ അദ്ദേഹം നീക്കങ്ങള്‍ നടത്തുന്നതായാണ് വിവരം. ഇതിനായി മുന്‍പ് വിവാദങ്ങളില്‍പെട്ട ഐടി കമ്പനിയായ എസ്ആര്‍ഐടി സോഫ്റ്റ്വെയര്‍ ലിമിറ്റഡ് വഴിയാണ് ഒരു കോടി രൂപ കൈമാറാന്‍ പദ്ധതിയിട്ടിരിക്കുന്നത്. എല്‍ഡിഎഫ് കാലത്തും സമാനമായ രീതിയിലാണ് അദ്ദേഹം പദവി ഉറപ്പിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ അണിയറ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതുകൊണ്ടാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജിയിൽ അന്തിമ തീരുമാനം എടുക്കാൻ ഇത്രയും വൈകിയതെന്നാണ് ആരോപണം. അദ്ദേഹത്തെ സ്ഥാനത്ത് നിലനിർത്താൻ വ്യവസായ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന വിവരങ്ങൾ സന്തോഷ് ബാബുവിന്റെ സ്വാധീനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

സന്തോഷ് ബാബുവിനൊപ്പം തന്നെ പ്രതിക്കൂട്ടിലാകുന്ന മറ്റൊരു ഉദ്യോ​ഗസ്ഥനാണ് ഡോ. കെപി നൗഫൽ. കണ്ണൂർ ജില്ലയിലെ കല്ലിങ്കണ്ടി എൻഇഎം കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന അദ്ദേഹത്തെ 2022ൽ KIMൽ ഡെപ്യൂട്ടി ഡയറക്ടറായി ഡപ്യൂട്ടേഷനിൽ നിയമിച്ചിരുന്നു. ഡോ. നൗഫലും സമാനമായ രീതിയിൽ സ്വകാര്യ കമ്പനി നടത്തുന്നുണ്ട്. 18/02/2022-ൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത ‘പ്ലേഫെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സർക്കാരിതര കമ്പനിയുടെ പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. ഇതും ​ഗുരുതരമായ ചട്ടലംഘനം തന്നെയാണ്. നിലവിൽ IKM ഡെപ്യൂട്ടി ഡയറക്ടർ ആയി ചുമതല വഹിക്കുന്ന ഇദ്ദേഹം പുതിയതായി രൂപീകരിച്ച ദേവസ്വം ബോർഡ് പി.എം.യു നിർണ്ണായക ചുമതലയിലും ഉണ്ട്.

സംസ്ഥാനത്തെ ഐടി മേഖലയുടെ ഭാവി തന്നെ നിര്‍ണയിക്കുന്ന സുപ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് നടക്കുന്ന ഈ സാമ്പത്തിക ഇടപാടുകളും കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ ഇടപെടലുകളും സംശയകരമാണ്. എസ്ആര്‍ഐടി വഴിയുള്ള സാമ്പത്തിക സ്രോതസുകളെക്കുറിച്ചും എംഡിയുടെ പുതിയ സ്വത്തുക്കളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ ടെക് കമ്പനികൾ സ്വന്തമായുള്ള ഇവർക്ക് ഔദ്യോഗിക വിവരങ്ങൾ ചോർത്താനും, തങ്ങളുടെ കമ്പനികൾക്ക് വഴിവിട്ട് കരാറുകൾ നൽകാനും ഇത് അവസരമൊരുക്കുന്നു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ-ഫോൺ പദ്ധതിക്കെതിരെ അതിശക്തമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച അന്നത്തെ പ്രതിപക്ഷം ഇപ്പോൾ ഭരണത്തിലെത്തിയപ്പോൾ, പഴയ നിലപാട് മാറ്റിയെന്നത് ഞെട്ടിക്കുന്നതാണ്. എൽ.ഡി.എഫ് സർക്കാർ നിയമിച്ച ഇതേ എം.ഡിയെ തന്നെ അധികാരത്തിലെത്തിയ ശേഷം കെ-ഫോണിലും ഇപ്പോൾ ദേവസ്വം ബോർഡിലും തുടരാൻ ഈ സർക്കാർ അനുവദിക്കുന്നത് വൻ രാഷ്ട്രീയ ഒത്തുകളിയുടെ സൂചനയാണെന്ന് തന്നെ കരുതേണ്ടി വരും.

സർക്കാർ ഫണ്ടും ഇവരുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ കമ്പനികളും തമ്മിൽ നേരിട്ടോ അല്ലാതെയോ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പർച്ചേസുകൾ, കൺസൾട്ടിംഗ്, വെണ്ടർ കരാറുകൾ എന്നിവയുടെ അടിയന്തര ഫോറൻസിക് ഓഡിറ്റ് നടത്തണം. ഒപ്പം, സമാന്തരമായി സ്വകാര്യ ബിസിനസ്സുകൾ നടത്തുന്നതിന് സർക്കാരിൽ നിന്ന് രേഖാമൂലമുള്ള അനുമതി ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് കുറ്റാരോപിതർക്കെതിരെ എല്ലാം കർശനമായ നടപടി എടുക്കാനും ഭാവിയിൽ തന്ത്രപ്രധാന മേഖലകളിൽ ഇങ്ങനെയുള്ള വീഴ്ച്ചകൾ ഉണ്ടാവാതെ ശ്രദ്ധിക്കാനും ഭരണകൂടവും വ്യവസ്ഥയും കൃത്യമായി ഇടപെടണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

Advertisement
WhiteswanTV Footer