മിഷിഗൺ: അമിതഭാരത്തെത്തുടർന്ന് ഏഴ് വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമേരിക്കയിലെ മിഷിഗൺ സ്വദേശികളായ ദമ്പതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഡാമിയൻ ഒബ്രിയൻ (40), ജെസീക്ക ഒബ്രിയൻ (41) എന്നിവർക്കെതിരെയാണ് കൊലപാതകം, കുട്ടിയെ പീഡിപ്പിക്കൽ, കുട്ടിക്കെതിരായ അതിക്രമം എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. 2025 നവംബർ 4-നാണ് ഇവരുടെ മകൻ കാസ്പർ ഒബ്രിയൻ മരിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അമിതഭാരത്തെത്തുടർന്ന് ഉണ്ടായ ഡൈലേറ്റഡ് കാർഡിയോമയോപ്പതിയാണ് കുട്ടിയുടെ മരണകാരണം. മരണസമയത്ത് കാസ്പറിന് 116 കിലോഗ്രാം ഭാരമുണ്ടായിരുന്നു. കുട്ടിയുടെ ഭക്ഷണക്രമം പ്രധാനമായും ചിപ്സും ഫ്രഞ്ച് ഫ്രൈസും പോലുള്ള ജങ്ക് ഫുഡുകളിലൊതുങ്ങിയിരുന്നുവെന്നും, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും ആവശ്യമായ വൈദ്യസഹായം മാതാപിതാക്കൾ ഉറപ്പാക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടിക്ക് ആവശ്യമായ ചികിത്സയും സുരക്ഷിതമായ ജീവിതസാഹചര്യവും ഒരുക്കുന്നതിൽ മാതാപിതാക്കൾ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.




