കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കൂടുതൽ വിശദമായ വാദം കേൾക്കാനാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി ഹർജി മാറ്റിയത്.
കേസിൽ നേരത്തെ എസ്ഐടി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, പൊലീസ് റിപ്പോർട്ടിനെതിരെ പരാതിക്കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി. അഫ്‌നാസ് ആശങ്ക പ്രകടിപ്പിച്ചു. പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും ഇത് ജാമ്യത്തിന് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു.
കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കർ കഴിഞ്ഞ 16-ാം തീയതി മുതൽ റിമാൻഡിലാണ്. നേരത്തെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ‘വടകര സ്‌ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന ജിതിൻ, ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200-ലധികം ആളുകൾക്ക് സന്ദേശം അയച്ചതായും തെളിവുകൾ നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിഭാഗവും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചതായി റിപ്പോർട്ടുണ്ട്. സന്ദേശം മറ്റ് ഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിച്ചതിൽ ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ പങ്കുണ്ടായിരുന്നുവെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.






