ഗ്വാഡലഹാര: ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് പിന്നാലെ സ്പെയിൻ ക്യാമ്പിൽ ആശങ്ക. മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായ നിക്കോ വില്യംസിനും യെറെമി പിനോയ്ക്കും പരിക്കേറ്റതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.
പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ നിക്കോ വില്യംസിന് വീണ്ടും പരിക്കേറ്റതും, യെറെമി പിനോയുടെ തോളെല്ലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന റിപ്പോർട്ടുകളും സ്പെയിനിന് തിരിച്ചടിയായിട്ടുണ്ട്. ഉറുഗ്വായ്ക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഇരുവരും കളത്തിൽ ഇറങ്ങിയത്. മത്സരത്തിനിടെ പരിക്കേറ്റ പിനോ കളം വിട്ടിരുന്നു.
പിനോയുടെ പരിക്ക് ഗുരുതരമാണെന്നും വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കാമെന്നും സ്പെയിൻ പരിശീലകൻ ഫുവെന്തെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സ്പെയിൻ നോക്കൗട്ടിലേക്ക് പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ കേപ് വർദെയോട് സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നിലനിർത്തിയെങ്കിലും ടീമിന്റെ പ്രകടനം സംബന്ധിച്ച് ആരാധകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഫെറാൻ ടോറസിന്റെ ഫോമില്ലായ്മയും മുന്നേറ്റനിരയുടെ കാര്യക്ഷമത കുറവും ടീമിനെ ബാധിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ലഭിക്കുന്ന അവസരങ്ങൾ ഗോൾ ആക്കുന്നതിൽ സ്പെയിൻ മുന്നേറ്റനിരക്ക് പരാജയപ്പെടുന്നത് നോക്കൗട്ടിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് നിലപ്രകാരം നോക്കൗട്ടിൽ ഓസ്ട്രിയയായിരിക്കും സ്പെയിന്റെ എതിരാളികൾ. ഗ്രൂപ്പ് ജെയിൽ അൾജീരിയയെ നേരിടുന്ന മത്സരത്തിന്റെ ഫലമാണ് ഇതിന് നിർണായകമാകുക. മറ്റൊരു മത്സരത്തിൽ അർജന്റീന ജോർദാനെ നേരിടും.








