കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തിയെന്ന പരാതിയെ തുടർന്ന് കാസർകോട് ചെർക്കളയിൽ ആരോഗ്യവകുപ്പും പോലീസും സംയുക്തമായി റെയ്ഡ് നടത്തി. ചെർക്കള സ്വദേശിയായ ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലായിരുന്നു മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധന.
റെയ്ഡിനിടെ ഇയാൾ ചികിത്സ നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ തേൻ, വെള്ളം, വിവിധ കുപ്പികൾ ഉൾപ്പെടെയുള്ള സാമഗ്രികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ശിഹാബുദ്ധീന്റെ സഹായിയെ ചോദ്യം ചെയ്തു. രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടായിരുന്ന മറ്റ് സാധനങ്ങളെല്ലാം മാറ്റിയെന്നാണ് സഹായി അന്വേഷണസംഘത്തിന് മൊഴി നൽകിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




