കോഴിക്കോട്: സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ചാത്തമംഗലം മലയമ്മ സ്വദേശിനി സൗദാബി കെ.വി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ഓമശ്ശേരി അമ്പലക്കണ്ടി പൂളപ്പൊയിൽ റോഡിലെ ഇരട്ട കുളങ്ങരയിലാണ് അപകടം നടന്നത്. ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കുഞ്ഞിമരക്കാർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലയമ്മയിലെ ഭർത്തൃവീട്ടിൽ നിന്ന് മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.




