തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. തുടർന്ന് രാവിലെ എട്ടരയോടെ ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ, ഉച്ചയോടെ സമ്പൂർണ ചിത്രം വ്യക്തമാകും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടങ്ങിയെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ പ്രവചനങ്ങൾ തള്ളിക്കളയുന്ന എൽഡിഎഫ്, ചെറിയ ഭൂരിപക്ഷത്തോടെ മൂന്നാം പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കുന്നു. നിർണായക ശക്തിയായി ഉയരാമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
മുഖ്യമന്ത്രി കണ്ണൂരിലെ വസതിയിൽ നിന്നാണ് ഫലങ്ങൾ നിരീക്ഷിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലായിരിക്കും. കെപിസിസി അധ്യക്ഷൻ രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും. എൽഡിഎഫ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ എകെജി സെന്ററിലും, ബിജെപി നേതാക്കളും രാജീവ് ചന്ദ്രശേഖറും മാരാർജി ഭവനിലും നിന്ന് ഫലവിവരങ്ങൾ നിരീക്ഷിക്കും.




