കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതുപക്ഷത്തിന് ശക്തമായ മണ്ഡലങ്ങളിലുപോലും വോട്ടുചോർച്ചയുടെ സൂചനകൾ. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള നിലവിൽ പിന്നിലാണ്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കുകയും യുഡിഎഫ് പിന്തുണ നൽകുകയും ചെയ്തതാണ് ഇവിടെ മത്സരത്തെ കടുപ്പിച്ചത്.
അതേസമയം, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വെറും 5000 വോട്ടിനാണ് ലീഡ്. ഇവിടെ വിമത സ്ഥാനാർഥിയായ കെ. കുഞ്ഞകൃഷ്ണൻ രംഗത്തെത്തിയതും മത്സരം ശക്തമാക്കിയിട്ടുണ്ട്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർത്തിയാണ് അദ്ദേഹം മത്സരിക്കുന്നത്. യുഡിഎഫ് അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ട്. രണ്ടു മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്, ഇതോടെ ഇടതുകോട്ടകളിൽ പോലും മത്സരം കടുപ്പം പ്രാപിച്ചിരിക്കുകയാണ്.



