കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അംഗത്വം രാജിവെച്ച പ്രസിഡന്റായിരുന്ന ശ്വേത മേനോൻ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. പാവകളായില്ലെങ്കിൽ സംഘടന നടത്തിക്കൊണ്ടുപോകാനാകില്ലെന്നും, പാവയാകാൻ താൻ തയ്യാറല്ലാത്തതിനാലുമാണ് രാജിവെക്കുന്നതെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആദ്യം മുതൽക്കെ അജണ്ടവെച്ച് തന്നെ പുറത്താക്കാൻ ചിലർ ശ്രമിച്ചു എന്നും ശ്വേത ആരോപിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള എല്ലാ അംഗങ്ങളും രാജിക്കത്ത് സമർപ്പിച്ചു.
“പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ കയ്യിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്ന് എനിക്കും തോന്നി. മിക്ക അംഗങ്ങളെയും പിടിച്ചുകൊണ്ടുപോയി അവിശ്വാസത്തിൽ ഒപ്പുവെപ്പിച്ചു. ഓഫീസ് സ്റ്റാഫിന്റെ പരാതി ഉയർന്നപ്പോൾ മുതൽ ട്രഷറർ രഹസ്യമായി കടന്നുകളഞ്ഞു. സംഘടനോട് ഒരറിയിപ്പുമില്ലാതെ ഓടിപ്പോകുകയായിരുന്നു ട്രഷറർ. സെപ്തംബർ ഒന്നുമുതലുള്ള ഈ ഭരണസമിതിയുടെ എല്ലാ കണക്കുകളും കൃത്യമാണ്. അതിന് മുൻപേ ബാബുരാജ് കൈകാര്യം ചെയ്തിരുന്ന സമയത്ത് ഒരുപാട് കുഴപ്പങ്ങളുണ്ട്. അത് ഇന്നുവരെ പുറത്തുറഞ്ഞിട്ടില്ല. ഇന്ന് ഞാൻ അമ്മയിൽ അംഗമല്ല. അതുകൊണ്ട് തുറന്നുപറയാനാകുന്നതിൽ ആശ്വാസമുണ്ട്. എനിക്കൊരു വ്യക്തിത്വമുണ്ട്, പറയാനുള്ളത് ഞാൻ തുറന്നുപറയും.”- ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.




