തിരുവള്ളൂർ: തിരുവള്ളൂർ പെരിയപാളയത്തെ സ്വകാര്യ മത്സ്യസംസ്കരണ ശാലയിൽ അമോണിയം വാതക ചോർച്ചയെ തുടർന്ന് വലിയ ദുരന്തം. സംഭവത്തിൽ 7 പേർ മരിച്ചു. മരിച്ചവർ എല്ലാവരും സ്ത്രീ തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു.
സെന്റ് പീറ്റേഴ്സ് പോൾ സീ ഫുഡ് എക്സ്പോർട്ട്സ് കമ്പനിയിൽ ഉണ്ടായ ചോർച്ചയാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ 64 പേരെ ചികിത്സയ്ക്കായി ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനവും പരിശോധനയും തുടരുകയാണ്.
ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യ ഉൽപ്പന്നങ്ങൾ സംസ്കരിക്കുന്ന കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. മത്സ്യങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന അമോണിയം വാതകമാണ് ചോർന്നത്. ചോർച്ച എങ്ങനെ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.




