കണ്ണൂർ: തളിപ്പറമ്പിലെ വിജയം താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. തളിപ്പറമ്പിനൊപ്പം പയ്യന്നൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലുമുള്ള ജനങ്ങളിൽ നിന്ന് തന്റെ നിലപാടുകൾക്ക് വലിയ പിന്തുണ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
“ഞാൻ മുന്നോട്ടുവെച്ച ആശയമാണ് ശരിയെന്ന് ജനങ്ങൾ വിധിയെഴുതി. പ്രത്യേകിച്ച് തളിപ്പറമ്പിൽ അതിന് ശക്തമായ പിന്തുണ ലഭിച്ചു,” എന്ന് ഗോവിന്ദൻ വ്യക്തമാക്കി.ഉൾപ്പാർട്ടി ജനാധിപത്യത്തെ തകർത്തുകൊണ്ട് കുടുംബാധിപത്യവും പിന്തുടർച്ചാവകാശവും നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് താൻ രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി അംഗങ്ങളും ലോക്കൽ കമ്മിറ്റി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ തനിക്ക് വോട്ട് ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. “മുമ്പ് 22,000 വോട്ടിന് ജയിച്ച മണ്ഡലത്തിൽ ഇത്തവണ ഞാൻ 12,500 വോട്ടിന്റെ ഭൂരിപക്ഷം നേടിയത് അതിന് തെളിവാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ പിന്തുണയും തന്റെ വിജയത്തിൽ നിർണായകമായിരുന്നുവെന്ന് ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയെ തകർക്കുക എന്നല്ല, തിരുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ എതിർപ്പും അസന്തോഷവും പാർട്ടി ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നിന്ന് പാഠം പഠിക്കാത്ത പക്ഷം കേരളത്തിലെ പാർട്ടിയുടെ അവസ്ഥ ബംഗാളിലേതിനോട് സാമ്യമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“പിണറായി വിജയൻ പിന്നിലായതും പരാജയ ഭീഷണിയിലായതും ഞെട്ടിച്ചു. അദ്ദേഹത്തിന്റെ തോൽവി ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ആ സാഹചര്യം ഉണ്ടായി എന്നത് പാർട്ടി തിരിച്ചറിയണം. ആവശ്യമായ തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ പാർട്ടി നിലനിൽപ്പിനുതന്നെ ഭീഷണിയാകും,” എന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.




