ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയും മന്ത്രിമാരും വലിയ തിരിച്ചടിയാണ് നേരിട്ടത്. അക്കൂട്ടത്തില്‍ മുതിര്‍ന്ന ഡിഎംകെ നേതാവും സഹകരണ വകുപ്പ് മന്ത്രിയുമായ കെ ആര്‍ പെരിയകറുപ്പനും അപ്രതീക്ഷിത തോല്‍വി നേരിട്ടിരുന്നു. അതും ഒരു വോട്ടിനാണ് പെരിയകറുപ്പന്‍ പരാജയപ്പെട്ടത്.
തമിഴക വെട്രി കഴകം (TVK) സ്ഥാനാര്‍ത്ഥി സീനിവാസ സേതുപതി ആര്‍ 83,375 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, പെരിയകറുപ്പന് 83,374 വോട്ടുകളാണ് ലഭിച്ചത്. അവസാന റൗണ്ടിന് തൊട്ടുമുമ്പ് വരെ പെരിയകറുപ്പന്‍ 30 വോട്ടുകള്‍ക്ക് മുന്നിലായിരുന്നെങ്കിലും ഒടുവില്‍ ഒരു വോട്ടിന് മുട്ടുമടക്കുകയായിരുന്നു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ് സീനിവാസ സേതുപതിയുടേത്. കന്നി തെരഞ്ഞെടുപ്പില്‍ തന്നെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെയാണ് അട്ടിമറിച്ചത്.






