ന്യൂഡൽഹി: ഡൽഹിയിലെ ഭാട്ടി മൈൻസ് പ്രദേശത്ത് കാണാതായ 13കാരന്റെ മൃതദേഹം വനമേഖലയിൽ നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയ കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
തിരച്ചിലിനിടെ തെക്കൻ ഡൽഹിക്കടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന പ്രാഥമിക സൂചനകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
നായയെ കുഴിച്ചിടാനായി സുഹൃത്തുക്കളോടൊപ്പം കാട്ടിലേക്ക് പോയതായാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും സഞ്ജയ് കോളനി പൊലീസ് പോസ്റ്റിന് മുന്നിൽ പ്രതിഷേധം നടത്തി. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കുടുംബത്തിന് ശത്രുതയുള്ള ആരും ഇല്ലെന്നും നീതി ലഭിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.




