ഫുട്‌ബോള്‍ ലോകകപ്പിന് മുൻപ് ഫിഫയ്ക്ക് മുമ്പില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍. ഇറാനെ അമേരിക്ക അപമാനിക്കില്ലെന്ന് ഫിഫ ഉറപ്പുതരണമെന്നാണ് ഇറാന്റെ ആവശ്യം. വാന്‍കൂവറില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാദരവുണ്ടായെന്ന് ഇറാന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നു. ഒരുഘട്ടത്തില്‍ ലോകകപ്പിനില്ല എന്ന ഇറാന്റെ തീരുമാനം പിന്നീട് ഫിഫ ഇടപെട്ട് തിരുത്തുകയായിരുന്നു.
ലോകകപ്പ് തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സൂറിച്ചിലേക്ക് ഇറാന്‍ പ്രതിനിധികളെ ഫിഫ ക്ഷണിച്ചു. ഇറാന്‍ അമേരിക്കയിലെത്തി ലോകകപ്പില്‍ പങ്കെടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. അതേസമയം, ഇറാന് പിന്തുണയുമായി ഫിഫയും രംഗത്തെത്തി. യോഗ്യത നേടിയ ഇറാന്‍ അമേരിക്കയിലേക്ക് പോകുന്നത് ഫിഫയുടെ അതിഥികളായാണെന്നും ട്രംപോ അമേരിക്കയോ അല്ല ആതിഥേയരെന്നും ഫിഫ പ്രതിനിധി പറഞ്ഞിരുന്നു.



