പാലക്കാട്: പാലക്കാട് ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവുമായി ഏരിയ കമ്മിറ്റി യോഗത്തില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തര്‍ക്കം ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ചിലരുടെ ഔദാര്യമാണെന്ന നിലയില്‍ അബ്ദുല്‍ ഷുക്കൂറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അബ്ദുല്‍ ഷുക്കൂര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മുന്‍പ് പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഇ എന്‍ സുരേഷ് ബാബുവിനെതിരെ അബ്ദുല്‍ ഷുക്കൂര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്ന് രാജിവെക്കാന്‍ ഷുക്കൂര്‍ ശ്രമിച്ചെങ്കിലും എന്‍ എന്‍ കൃഷ്ണദാസ് ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് പാർട്ടിയിൽ നിന്നും സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.




